തിരുവനന്തപുരം ഫെബ്രുവരി 4: പന്തീരാങ്കാവ് യുഎപിഎ കേസ് സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങളെല്ലാം അലന്റെയും താഹയുടെയും കുടുംബത്തെ അറിയിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. അഞ്ച് വര്‍ഷമായി അലനും താഹയും പോലീസ് നിരീക്ഷണത്തിലായിരുന്നു. അക്കാര്യം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും എംകെ മുനീറിനും അറിയില്ലേയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്നും കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ വിദ്യാര്‍ത്ഥിയായ താഹ ഫസലും നിയമവിദ്യാര്‍ത്ഥിയായ അലന്‍ ഷുഹൈബും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റിലാകുന്നത്. പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി. ഇവര്‍ ചെയ്ത കുറ്റമെന്തെന്നോ ഇവര്‍ക്കെതിരെ തെളിവുകളെന്തെന്ന് ഇത് വരെയും ആരും വ്യക്തമാക്കിയിട്ടില്ല. രണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നുമാണ് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്.