മലപ്പുറം ജനുവരി 24: കർണാടകയിലെ ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എംപിയും ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെക്കെതിരെ കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മതസ്പര്‍ധക്ക് ശ്രമിച്ചതിന് 153 (എ) വകുപ്പ് പ്രകാരമാണ് ശോഭയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കര്‍ണാടക ബിജെപി വനിതാ നേതാവും എംപിയുമായ ശോഭയ്ക്കെതിരെ കേരള പോലീസ് കേസെടുത്തത്.
കേരളം മറ്റൊരു കാശ്മീരാകാനുള്ള ചെറിയ കാല്‍വെപ്പ് നടത്തിയെന്നും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നുമാണ് ശോഭ ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. ഇത് വ്യാജ വാര്‍ത്തയാണെന്നാണ് പോലീസ് വാദം. കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നും കുറ്റിപ്പുറം പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

