വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി

പാലക്കാട് ജനുവരി 7: വാളയാര്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി, പാലക്കാട് എസ്പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നോ എന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് പേരില്‍ നാല് പേരെയും തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്സോ കോടതി വിട്ടയച്ചിരുന്നു.

നടപടിക്രമങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാന പോലീസ് മേധാവി, പാലക്കാട് എസ്പി, പ്രോസിക്യൂട്ടര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടീസ് അയക്കും. 14 ദിവസത്തിനകം മറുപടി നല്‍കണമെന്നും അതാത് ഉദ്യോഗസ്ഥരുടെ കയ്യിലുള്ള രേഖകള്‍ ഹാജരാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും കമ്മീഷന്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും.

Share
അഭിപ്രായം എഴുതാം