കൊച്ചി ഡിസംബര്‍ 30: നഗരത്തിലെ ജനത്തിരക്കേറിയ തമ്മനം-പൊന്നുരുന്നി റോഡ് ടാറിട്ടതിന് തൊട്ടുപിന്നാലെ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. റോഡിന്റെ പകുതിയോളം കയ്യേറി വെട്ടിപ്പൊളിച്ചതോടെ ജനങ്ങള്‍ രാവിലെ മുതല്‍ റോഡ് ഉപരോധിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കളക്ടര്‍ എത്താതെ ഉപരോധത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരണം നല്‍കാനാവാതെ പിന്‍വാങ്ങി. ഔദ്യോഗികമായി വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
മാസങ്ങളോളം നന്നാക്കാതെ കിടന്ന റോഡ് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ടാറിട്ടത്. നഗരത്തിലുള്ള മിക്ക റോഡുകളുടെയും ടാറിങ് പണികള്‍ പുരോഗമിക്കുന്നതേയുള്ളൂ. ഇതിനിടെയാണ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ജല അതോറിറ്റിയുടെ നടപടി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കളക്ടര്‍ ജല അതോറിറ്റി, പിഡബ്യൂഡി ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.