കൊച്ചി ഡിസംബര്‍ 11: അനധികൃതമായി നിര്‍മ്മിച്ച മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി നടന്നതായി ആരോപണം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രോംട് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായാണ് മറ്റ് കമ്പനികളുടെ ആരോപണം. കണ്‍സീല്‍ഡ് ടെന്‍ഡര്‍ പൊട്ടിച്ചശേഷം തുക എഴുതിച്ചേര്‍ത്തെന്നാണ് പ്രധാന ആരോപണം.
കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഉപകരാര്‍ ലഭിക്കുന്നതിന് എന്‍ജിനീയര്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. നാല് കമ്പനികളാണ് മരടിലെ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കംചെയ്യാനുള്ള കരാറിനായി ടെന്‍ഡര്‍ നല്‍കിയത്. ഇതില്‍നിന്ന് 10,000 രൂപയുടെ വ്യത്യാസത്തിലാണ് പ്രോംട് കമ്പനിക്ക് കരാര്‍ നല്‍കിയത്. സംഭവത്തില്‍ പ്രോംട് കമ്പനിയുടെ വിശദീകരണം ലഭ്യമായിട്ടില്ല.

