ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് മുഴുവന്‍ വലിയ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ അടുത്ത ആഴ്ച തൂക്കിലേറ്റിയേക്കും. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഈയാഴ്ച അവസാനത്തോടെ തൂക്കുകയര്‍ നിര്‍മ്മിച്ച് നല്‍കാനാണ് നിര്‍ദ്ദേശം.
2012 ഡിസംബര്‍ 16നാണ് നിര്‍ഭയ ബസില്‍ ക്രൂരബലാത്സംഗത്തിന് ഇരയാകുന്നത്. സംഭവത്തിന് തിങ്കളാഴ്ച ഏഴ് വര്‍ഷം തികയുകയാണ്. നിര്‍ഭയ കേസില്‍ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവര്‍ ശിക്ഷ കാത്ത് തിഹാര്‍ ജയിലിലാണ്.
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയറും ഇവിടെയാണ് നിര്‍മ്മിച്ചത്. മൂന്ന് ദിവസത്തോളമെടുക്കും ഒരു കയര്‍ തയ്യാറാക്കി എടുക്കാന്‍. 1725 രൂപയാണ് അവസാനമായി നിര്‍മ്മിച്ച കയറിന് ലഭിച്ചതെന്നും ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറഞ്ഞു.