‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി നവംബര്‍ 14: രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിലുണ്ടായിരുന്ന കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അവസാനിപ്പിച്ചുകൊണ്ട് വിധി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൂണ്ടിക്കൊണ്ട് ‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു’വെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്നാണ് കേസ് ഉത്ഭവിച്ചത്. ബിജെപി നേതാവായ മീനാക്ഷി ലേഖിയായിരുന്നു പരാതിക്കാരി. ഈ കേസില്‍ രാഹുല്‍ ഗാന്ധി കോടതിക്ക് മുമ്പാകെ ക്ഷമ ചോദിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ ചൂടിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ സംഭവിച്ച തെറ്റാണെന്നും അത് മാപ്പാക്കണമെന്നുമായിരുന്നു രാഹുലിന്‍റെ അഭ്യര്‍ത്ഥന. കേസ് പരിശോധിച്ച ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരാണ് കേസ് അവസാനിപ്പിച്ചുകൊണ്ട് വിധി പറഞ്ഞത്. രാഷ്ട്രീയ പ്രസംഗത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കരുതെന്നും കോടതി സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധ വേണമെന്നും വിധിയില്‍ ജസ്റ്റിസുമാര്‍ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കി.

റാഫേല്‍ കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തെളിവുകളായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിലെ വാര്‍ത്തകള്‍ പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. പുനഃപരിശോധന ഹര്‍ജി സ്വീകരിക്കുന്നതിന് ആധാരമായി പത്രവാര്‍ത്ത സ്വീകരിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഈ സത്യവാങ്മൂലം പരിശോധിക്കുന്നതിനിടയില്‍ വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി കാവല്‍ക്കാരന്‍ കള്ളനാണെന്ന വിധത്തില്‍ കോടതി പരാമര്‍ശം നടത്തിയെന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം. കോടതി നടത്താത്ത പ്രസ്താവനയുടെ പേരില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ അഭിപ്രായ പ്രകടനം ചൂണ്ടിക്കാട്ടിയാണ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിച്ചത്. പ്രസംഗച്ചൂടിനിടയില്‍ പറ്റിയ അബദ്ധമാണെന്നും മാപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി അപേക്ഷിച്ചത് കൂടി പരിഗണിച്ചാണ് മുന്നറിയിപ്പോടു കൂടി സുപ്രീംകോടതി കേസ് പിന്‍വലിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →