ന്യൂഡല്‍ഹി നവംബര്‍ 13: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വിധിയോട് വിയോജിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതി ഫുള്‍ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറല്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞിരിക്കുന്നത്.
ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സുഭാഷ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. തുടര്‍ന്നാണ് വിഷയം കോടതി കയറിയത്.