ന്യൂഡല്‍ഹി നവംബര്‍ 13: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗള്‍, കെഎം ജോസഫ്, എന്നിവരടങ്ങിയ ബഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക. റഫാല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്താണ് പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. നടപടിക്രമങ്ങള്‍ അട്ടിമറിച്ചാണ് ഫ്രഞ്ച് കമ്പനിയായ ദസ്സോയുമായി ഇടപാട് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി റഫാല്‍ ഇടപാട് വിവാദവിഷയമായിരുന്നു.