വാരണാസി ജൂലൈ 6: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 18 അടി ഉയരമുള്ള വെങ്കലപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് മോദിയും മറ്റ് വിശിഷ്ടാത്ഥിതികളും പുഷ്പാര്‍ച്ചന നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ, യുപി ബിജെപി പ്രസിഡന്‍റ് മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 182 മീറ്റര്‍ ഉയരമുള്ള ഐക്യപ്രതിമ നിര്‍മ്മിച്ച പ്രമുഖ ശില്‍പി റാം വി സൂതറാണ് ശാസ്ത്രിയുടെയും പ്രതിമ നിര്‍മ്മിച്ചത്.
എയര്‍പോര്‍ട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് നിര്‍മ്മിച്ചിരിക്കുന്ന പ്രതിമയുടെ മുഴുവന്‍ ചെലവും വഹിച്ചത് നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് (എന്‍സിഎല്‍) ആണ്.
2005ലാണ് വിമാനത്താവളത്തിന് ശാസ്ത്രിയുടെ പേര് നല്‍കിയത്. 2014ല്‍ ശാസ്ത്രിയുടെ ചെറിയൊരു പ്രതിമ നിര്‍മ്മിച്ചിരുന്നു. രാംനഗറില്‍ നിര്‍മ്മിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി മ്യൂസിയം കഴിഞ്ഞ സെപ്തംബറില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. ശാസ്ത്രിയുടെയും അദ്ദേഹത്തിന്‍റെ ഭാര്യ ലളിതാ ശാസ്ത്രിയുടെയും പൂര്‍ണ്ണപരിമാണമുള്ള പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തിരുന്നു.