കൊവിഡ് ഭേദമായവരിൽ ആന്തരികാവയവ പരിശോധന നിര്‍ബന്ധമായി നടത്തണമെന്ന് ഗവേഷകര്‍, ആശുപത്രി വിട്ടവരിൽ പലർക്കും വ്യത്യസ്ത രോഗാസ്ഥകൾ

ലണ്ടൻ: കോവിഡാനന്തര രോഗാവസ്ഥകളെ കുറിച്ച് നിരവധി പഠനങ്ങൾ ഇതുവരെ പുറത്തു വന്നിട്ടുണ്ട്. കൊവിഡ് ബാധിച്ചശേഷം ആശുപത്രി വിടുന്നവരുടെ ആന്തരിക അവയവങ്ങൾക്ക് വിവിധങ്ങളായ രോഗാവസ്ഥകൾ കാണുന്നതായാണ് ഇംഗ്ലണ്ടിൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്. സാധാരണ ജനങ്ങളില്‍ കാണുന്നതിനേക്കാള്‍ കൂടുതലാണ് ഇത്തരക്കാരിലെ രോഗബാധയെന്നാണ് പഠനത്തില്‍ വ്യക്തമായത്.

ഇംഗ്ലണ്ടിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെയും ലണ്ടന്‍ സര്‍വകലാശാലയിലെയും ലെസെസ്റ്റര്‍ സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഗവേഷണം നടത്തിയത്. ബിഎംജെ മാഗസീനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇങ്ങനെ കാണപ്പെട്ട അവയവപ്രശ്‌നങ്ങള്‍ പ്രായമായവരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. എല്ലാ വംശീയവിഭാഗങ്ങിലും ഒരുപോലെ പ്രശ്‌നം കാണുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. കൊവിഡ്19 വന്നശേഷമുണ്ടാകുന്ന വ്യാപകമായ രോഗബാധ ആരോഗ്യസംവിധാനത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് പഠനത്തിനു നേതൃത്വം നൽകിയ ഗവേഷകർ മുന്നറിയിപ്പു നൽകുന്നത്.

കൊവിഡ് ബാധിച്ച് 12 ആഴ്ചകള്‍ക്കുശേഷം ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളെയാണ് രോഗം ബാധിക്കുന്നത്. അതേസമയം ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് പുറത്തുപോയ 47,780 പേര്‍ക്കിടയിലാണ് പഠനം നടത്തിയത്. അതില്‍ 65.55 ശതമാനം പേര്‍ പുരുഷന്മാരാണ്. 2020 ആഗസ്റ്റ് 31ന് രോഗം മാറി ഡിസ്ചാര്‍ജ് ചെയ്തവര്‍ക്കിടയിലായിരുന്നു പഠനം.

കൊവിഡ് ഭേദമായവരില്‍ ഹൃദയ, ശ്വാസകോശ പ്രശ്‌നങ്ങള്‍ അധികമായതായും പ്രമേഹം മൂര്‍ച്ഛിച്ചതായും കണ്ടു. കൊവിഡ് ഭേദമായവരുടെ അവയവപരിശോധന നിര്‍ബന്ധമായി നടത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും പഠനം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →