തൃശൂര്‍പൂരം, തെക്കേ ഗോപുര നടയില്‍ ഉപവാസ സമരം അനുഷ്ഠിക്കാനൊരുങ്ങി പത്മജ വേണുഗോപാല്‍

തൃശൂർ: തൃശൂര്‍പൂരം നടത്തുന്നത് തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്നാരോപിച്ച് ഉപവാസ സമരം അനുഷ്ഠിക്കാനൊരുങ്ങി തൃശൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി വൈസ് പ്രസിഡണ്ടുമായ പത്മജ വേണുഗോപാല്‍. തെക്കേ ഗോപുര നടയില്‍ 29/03/21 തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ ഉപവാസം നടത്താനാണ് തീരുമാനം.’

കക്ഷി രാഷ്ട്രീയത്തിനും ജാതിഭേദങ്ങള്‍ക്കുമതീതമായി തൃശൂരിന്റെ പൈതൃകവും പാരമ്പര്യവുമാണ് തൃശൂര്‍ പൂരമെന്നും ഒരു ഭാഗത്ത് പൂരം ചടങ്ങുകളോടെ നടക്കുമെന്ന് പറയുകയും മറുഭാഗത്ത് ഓരോ കാരണങ്ങള്‍ പറഞ്ഞ് പൂരം തടസപ്പെടുത്താനും ശ്രമിക്കുകയാണെന്നും ഇതിന് പിന്നില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും ഡിസിസി പ്രസിഡണ്ട് എംപി വിന്‍സെന്റ് പറഞ്ഞു.

മുമ്പ് പൂരം പ്രതിസന്ധി നേരിട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ദേവസ്വം വനം മന്ത്രിമാരുമടക്കം തൃശൂരിലെത്തി ദേവസ്വങ്ങളുമായും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയും പൂരം ഭംഗിയായി നടത്തിയ ചരിത്രമാണുള്ളത്. എന്നാല്‍, ഇടത് സര്‍ക്കാരിന്റെ കാലത്ത് പൂരം തടസപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്നും പാര്‍ട്ടി ആരോപിച്ചു.

മുഖ്യമന്ത്രിയോ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരോ ഒരു ഇടപെടലും നടത്തുന്നില്ല. തൃശൂര്‍ ജനതയുടെ ഹൃദയ വികാരത്തിനൊപ്പമാണ് യുഡിഎഫ്. പൂരം തടസപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരേണ്ടതുണ്ടെന്നും തൃശൂരിനൊപ്പമാണ് യുഡിഎഫെന്നും വിന്‍സെന്റ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →