കൊൽക്കത്ത: നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പശ്ചിമബംഗാളിൽ പലയിടങ്ങളിലും സംഘർഷം. സ്ഥാനാർത്ഥികൾ ഉൾപ്പടെയുള്ളവർക്കുനേരെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്.
27/03/21 ശനിയാഴ്ച രാവിലെ പോളിംഗ് ആരംഭിച്ച് അൽപസമയത്തിനകം തന്നെ സൽമോനിയിൽ സി പി എം സ്ഥാനാർത്ഥിക്കുനേരെ ആക്രമണമുണ്ടായി. സ്ഥാനാർത്ഥിയുടെ വാഹനവും അടിച്ചു തകർത്തു. ഇവിടെ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി പി എം ആരോപിക്കുന്നത്.
മറ്റു ചിലയിടങ്ങളിലും സ്ഥാനാർത്ഥികൾക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. പൂർബ മിഡ്നാപൂർ ജില്ലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
ജംഗൾ മഹൽ പ്രദേശത്ത് 26/03/21 വെള്ളിയാഴ്ച രാത്രി അക്രമികൾ ഒരു ബസ് കത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കാനുള്ള ബസാണ് കത്തിച്ചത്. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.

