വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി

ന്യൂഡൽഹി ഏപ്രിൽ 3: ലോക്ക് ഡൗണിന്റെ പത്താം ദിവസമായ വെള്ളിയാഴ്ച വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ ഒമ്പത് മിനിറ്റ് ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഏപ്രിൽ അഞ്ച് രാത്രി ഒൻപത് മണി മുതൽ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകൾ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങൾ തെളിയിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഇങ്ങനെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മൾ മായ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടോർച്ച് ലൈറ്റോ, മൊബൈൽ ഫ്ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണം. വീട്ടിൽ എല്ലാവരും ചേർന്ന് ബാൽക്കണിയിലോ വാതിൽപ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങൾ തെളിയിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും.

കൊറോണയുടെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കാൻ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. റോഡുകളിൽ ആരും ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകർക്കാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ലോക്ക്ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു. രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നു. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 130 കോടി ജനങ്ങളുടെ കൂട്ടായ ശക്തി എല്ലാവർക്കുമൊപ്പം ഉണ്ടെന്ന് അദ്ദേഹം വ്യക്കമാക്കി.

ജനതാ കർഫ്യൂ ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അർപ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായി. കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി.

‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →