ബിജെപിയുടെ പിൻതുണ വേണ്ടെന്ന് സി ഒ ടി നസീർ , അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി

കണ്ണൂർ: സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തളളിയ തലശ്ശേരിയില്‍ കടുത്ത പ്രതിസന്ധിയിൽ ബി.ജെ.പി. പിന്തുണ നല്‍കാന്‍ സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്ഥയാണ് പാർടിയ്ക്ക്. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് സ്വതന്ത്രന്‍ സി.ഒ.ടി നസീര്‍ 22/03/21 തിങ്കളാഴ്ച തന്നെ അറിയിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയും അപരന്മാരും മാത്രമാണ് ഇനി തലശ്ശേരിയില്‍ ശേഷിക്കുന്നത്.

സ്ഥാനാർത്ഥി ഇല്ലാതായതോടെ അമിത്ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കിയിട്ടുണ്ട്.

2016ല്‍ കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച സജീവന്‍ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രിക തളളിയത്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.

ജാഗ്രതകുറവാണ് തലശേരിയില്‍ ബി.ജെ.പിക്ക് വിനയായത് എന്ന വിമര്‍ശനം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഫോം എയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാല്‍ എന്‍. ഹരിദാസ് സമര്‍പ്പിച്ച പത്രികയില്‍ സീല്‍ മാത്രമേ ഉണ്ടായിരുന്നുളളൂ, ഒപ്പുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും ഇവിടെ തളളിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →