കണ്ണൂരിൽ പി ജെ ആർമി സജീവം , പിണറായിയുടെ മണ്ഡലത്തിലും കൂറ്റൻ ഫ്ലക്സ്

കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സി.പി.ഐ.എം നേതാവ് പി.ജയരാജന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നതിന് ബദലായി ‘ഞങ്ങടെ ഉറപ്പാണ് പി ജെ’ എന്ന ബോര്‍ഡാണ് 22/03/21 തിങ്കളാഴ്ച മണ്ഡലത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ആര്‍ വി മെട്ടയിലെ റോഡരികിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ നേരത്തെ അണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് ധീരജ് കുമാര്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു.പി.ജെ ആര്‍മി എന്ന പേരില്‍ നവമാധ്യമങ്ങളില്‍ ജയരാജന് വേണ്ടി പ്രതിഷേധങ്ങളും നടന്നിരുന്നു.

ഇതിന് പിന്നാലെ ഇത്തരം പ്രചരണങ്ങള്‍ക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും പ്രചരണം തുടരുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

താന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എല്‍.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം