ചെന്നൈ: കോവിഡ് കേസുകള്‍ വ്യാപകമായതോടെ തമിഴ്‌നാട് 9,10,11 ക്ലാസ്സുകളും നിര്‍ത്തിവച്ചു. ഇതുവരെ നടന്ന റഗുലര്‍ ക്‌ളാസുകള്‍ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തി വയ്ക്കുന്നതായാണ് സര്‍ക്കാര്‍ സര്‍ക്കുലറില്‍ പറയുന്നത്. വിദ്യാലയങ്ങള്‍ക്കൊപ്പം ഹോസ്റ്റലുകളും അടച്ചു.80 ദിവസത്തിന് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതാണ് ആശങ്കക്ക് കാരണമായത്. രണ്ടാഴ്ച മുന്‍പ് വരെ ദിവസം അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമേ പുതുതായി കോവിഡ് ബാധിതരായിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്.എന്നാല്‍ പത്താം ക്‌ളാസിലെ ചില ബോര്‍ഡ് പരീക്ഷകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അവക്കായി സ്‌പെഷല്‍ ക്‌ളാസ് നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.കോവിഡ് മാനദണ്ഡം ലംഘിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയും സ്വീകരിച്ചു.പുതുച്ചേരി, ആന്ധ്ര, കര്‍ണാടക എന്നിവ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവരെ തമിഴ്നാട്ടില്‍ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ തമിഴ്നാട്ടില്‍ എത്തുന്നവര്‍ പാസ് നിര്‍ബന്ധമായും എടുക്കണം. എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട.
കൊവിഡ്: 9,10,11 ക്ലാസ്സുകളും നിര്‍ത്തിവച്ച് തമിഴ്‌നാട്
