ഇന്ത്യയില്‍ കോവിഡിന് പിന്നാലെ ദാരിദ്ര്യം കൊടികുത്തി വാഴുന്നതായി പ്യൂറിസര്‍ച്ചിന്റെ പഠനം

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം 3.2 കോടി ഇന്ത്യക്കാര്‍ മദ്ധ്യവര്‍ഗത്തില്‍നിന്ന് പുറത്താക്കിയെന്ന് പഠനം. കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തിലേക്ക് തളളിവിട്ടുവെന്നും യുഎസ് ആസ്ഥാനമായുളള പ്യൂറിസര്‍ച്ച് സെന്ററിന്റെ പഠനത്തില്‍ പറയുന്നു. ചൈനയിലേക്കാള്‍ ഇന്ത്യയില്‍ മദ്ധ്യ വര്‍ഗക്കാരുടെ കുറവുണ്ടായതായും പഠനം പറയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ കോവിഡിന് പിന്നാലെ ദാരിദ്ര്യം കൊടികുത്തി വാഴുന്നതായും പറയുന്നു.

വേള്‍ഡ് ബാങ്ക് ഡേറ്റാ വിശകലനം ചെയ്ത് പ്യൂസെന്റര്‍ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയില്‍ പ്രതിദിനം 700 രുപ മുതല്‍ 1400 രുപവരെ സമ്പാദിക്കുന്നവരുടെ എണ്ണത്തില്‍ 3.2 കോടിയുടെ കുറവുണ്ടായി. പ്രതിദിനം 145 രൂപ വരുമാനമുളളവരുടെ എണ്ണം 7.5 കോടിയോളം വര്‍ദ്ധിച്ചു. ചൈനയില്‍ മധ്യവര്‍ഗത്തിന്‍റെ എണ്ണത്തില്‍ ഒരു കോടിയുടെ കുറവാണുണ്ടായത്. ദാരിദ്ര്യത്തില്‍ കാര്യമായ വ്യത്യാസമില്ലാതെ തുടരുന്നു.

മഹാമാരിക്കു മുന്നോടിയായി ഇന്ത്യയില്‍ 9.9 കോടി പേരാണ് മധ്യവര്‍ഗത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 6.6 കോടിയിലെത്തിയിരിക്കുകയാണ്. 3.2 കോടി പേര്‍ പുറത്തായിരിക്കുന്നു. ഇത്തരത്തില്‍നിന്ന് പുറത്തായവര്‍ ചെന്നെത്തുന്നത് ദാരിദ്ര്യത്തിലേക്കാണ്. ചിലര്‍ കൊടും ദാരിദ്ര്യത്തിലേക്കും. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കഴിഞ്ഞ വർഷം 5.9 കോടിയിലേക്ക് എത്തുമെന്നായിരുന്നു നിഗമനം. എന്നാല്‍ അത് രണ്ടിരട്ടിയിലേറെ വര്‍ദ്ധിച്ച് 13.4 കോടിയിലെത്തിയിരിക്കുന്നു. 2020ലെ ദാരിദ്ര്യത്തിന്റെ തോത് 4.3 ശതമാനമാണ് പ്രതീക്ഷിച്ചത് പക്ഷെ അത് ഉയര്‍ന്ന് 9.7 ശതമാനത്തിലെത്തി.

2020 ല്‍ ഇന്ത്യക്കും ചൈനക്കും യഥാക്രമം 5.8 ശതമാനവും 5.9 ശതമാനവും സാമ്പത്തിക വളര്‍ച്ചയുണ്ടാവുമെന്ന് ലോക ബാങ്ക് പ്രവചിച്ചിരുന്നു. എന്നാല്‍ ഈ ജനുവരിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 9.6 ശതമാനം ചുരുങ്ങുമെന്നും ചൈനയുടെത് 2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ലോകബാങ്ക് പ്രവചിച്ചു. രാജ്യത്തെ ഇന്ധനവിലയിലെ വര്‍ദ്ധന, തൊഴില്‍ നഷ്ടം ശമ്പളം വെട്ടിക്കുറച്ചത്, എന്നിവ കോടിക്കണക്കിന് ഇന്ത്യക്കാരെ ബാധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →