തൃശൂര്‍ മണ്ഡലത്തില്‍ വിജയസാധ്യതയല്ല, മത്സര സാധ്യതയാണുള്ളതെന്ന് സുരേഷ് ഗോപി, മത്സരിക്കുന്നത് പാർട്ടി പറഞ്ഞതുകൊണ്ടു മാത്രം

കൊച്ചി: തൃശൂര്‍ മണ്ഡലത്തില്‍ വിജയസാധ്യതയല്ല മത്സര സാധ്യതയാണുള്ളതെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 16/03/21 ചൊവ്വാഴ്ച കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തൃശൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

“തൃശൂര്‍ മണ്ഡലത്തില്‍ വിജയസാധ്യത അല്ല, മത്സര സാധ്യതയാണുള്ളത്. ഒരു മണ്ഡലത്തിലും വിജയസാധ്യത ആര്‍ക്കും ഉറപ്പിക്കാന്‍ സാധിക്കില്ല. കാരണം ഒരു തെരഞ്ഞെടുപ്പും എളുപ്പമല്ല. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും എളുപ്പമല്ല. ഞാന്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ താല്‍പര്യമാണ്. എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒരു പാര്‍ട്ടി നേതാവ് എന്ന നിലയിലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും ആ നിര്‍ദേശം ഞാന്‍ അനുസരിച്ചു. മത്സരിക്കേണ്ട എന്നു തന്നെയാണ് എന്റെ ഇപ്പോഴത്തെയും നിലപാട്. ബിജെപി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വച്ചത്. പറയുന്ന എവിടെയും മത്സരിക്കാമെന്നാണ് ഞാന്‍ അറിയിച്ചത്. പക്ഷെ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം.” സുരേഷ് ഗോപി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →