സ്വര്‍ണക്കടത്ത് കേസ്; ഇ.ഡിക്കെതിരെ കോടതിക്ക് കത്തയച്ച് പ്രതി സന്ദീപ് നായര്‍, മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ആക്ഷേപം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കോടതിക്ക് കത്തയച്ച് പ്രതി സന്ദീപ് നായര്‍. ജയില്‍ നിന്നും തന്റെ കൈപ്പടയില്‍ എഴുതിയ കത്താണ് കോടതിക്ക് അയച്ചിരിക്കുന്നത്. 12/03/21 വെളളിയാഴ്ചയാണ് കത്തിന്റെ പകർപ്പ് പുറത്തെത്തിയത്.

കേസില്‍ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. ഇത്തരത്തില്‍ മൊഴി നല്‍കിയാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാം എന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.

എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ് സന്ദീപ് നായരുടെ കത്ത്. ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നുണ്ട്.

മന്ത്രിമാരുടേയും ഒരു മന്ത്രിയുടെ മകന്റെയും പേര് പറയാന്‍ നിര്‍ദേശിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ പേരാണ് സന്ദീപ് നായര്‍ ഉന്നയിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷിനെ നിര്‍ബന്ധിച്ചുവെന്ന് നേരത്തെ പൊലീസ് ഉദ്യോഗസ്ഥ മൊഴി നല്‍കിയിരുന്നു. ഇതില്‍ ഇഡിക്കെതിരെ കേസുക്കെടുക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടുകയുണ്ടായി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടായിരുന്നു സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →