ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് തുടര്‍ച്ചയായി മൂന്നാംമാസവും റീട്ടെയില്‍ പണപ്പെരുപ്പം ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്ധനവിലക്കയറ്റവും ഭക്ഷ്യവിലക്കയറ്റവുമാണ് സൂചികകള്‍ക്കു തിരിച്ചടിയായത്. ലോക്ക്ഡൗണിനുശേഷം അനുദിനം ഇന്ധനവില ഉയരുന്നത് ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 4.83 ശതമാനമാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ജനുവരിയില്‍ ഇത് 4.06 ശതമാനമായിരുന്നു. അതേസമയം ആര്‍.ബി.ഐയുടെ ഉയര്‍ന്ന പരിധിയായ ആറു ശതമാനത്തില്‍ പണപ്പെരുപ്പമെത്തില്ലെന്നതാണു ഏക ആശ്വാസം.
വിദഗ്ധരുടെ വിലയിരുത്തലില്‍ ഫെബ്രുവരിയില്‍ പണപ്പെരുപ്പം 3.80%- 5.40% ഇടയിലാകും. കഴിഞ്ഞ ദിവസം നടന്ന ധനനയയോഗത്തിലും ആര്‍.ബി.ഐ. പണപ്പെരുപ്പം ഉയരാനുള്ള സാധ്യത വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിനു റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തുകയായിരുന്നു.

