കാസർകോട്: ജില്ലയിൽ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിൽ. ഇതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുക, അജൈവ മാലിന്യ സംസ്കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, തുടങ്ങി വിവിധ മാനദണ്ഡങ്ങളിലായി100ൽ 60 മാർക്കിന് മുകളിൽ ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വപദവിക്ക് അർഹത നേടിയത്. അവശേഷിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ശുചിത്വ പദവിയിലെത്തിക്കാനും തുടർന്ന് ഘട്ടം ഘട്ടമായി മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും സമ്പൂർണ ശുചിത്വ പദവിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഹരിതകേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ടി എൻ സീമ അധ്യക്ഷയായി. പഞ്ചായത്തുതലത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് മൊമന്റോയും സർട്ടിഫിക്കറ്റും സമർപ്പിച്ചു. ജില്ലയിൽ വോർക്കാടി, എൻമകജെ, മീഞ്ച, മൊഗ്രാൽപുത്തൂർ, ചെമ്മനാട്, മൂളിയാർ, കുമ്പടാജെ, കാറഡുക്ക, ബളാൽ, വലിയ പറമ്പ എന്നീ പഞ്ചായത്തുകളും പരപ്പ ബ്ലോക്ക് പഞ്ചായത്തുകളുമാണ് രണ്ടാം ഘട്ടത്തിൽ ശുചിത്വ പദവിക്കർഹമായത്.
ഒന്നാം ഘട്ടത്തിൽ ജില്ലയിലെ 20 പഞ്ചായത്തുകളും രണ്ടു നഗര സഭകളും കാഞ്ഞങ്ങാട് ബ്ലോക്കും ശുചിത്വ പദവി നേടിയിരുന്നു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലുള്ള സംഘം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഞ്ചായത്തുകളെ തിരഞ്ഞെടുത്തത്. ഹരിത കർമ്മസേനയുടെ പ്രവർത്തനം, പൊതുശൗചാലയങ്ങൾ, നിരത്തുകൾ, ജലാശയങ്ങൾ എന്നിവയുടെ വൃത്തി, മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെയും വലിച്ചെറിയുന്നവർക്കും എതിരെ സ്വീകരിച്ച നിയമ നടപടികൾ, ജൈവ മാലിന്യങ്ങളുടെ സംസ്കരണം തുടങ്ങിയവയാണ് വിലയിരുത്തിയത്.

