പണിക്കന്‍കുടി ഗവ. സ്‌കൂളിന് മൂന്നുകോടി രൂപയുടെ പദ്ധതി അനുവദിച്ചതായി റോഷി അഗസ്റ്റിന്‍ എംഎല്‍എ

ചെറുതോണി: പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി മൂന്നുകോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വഹണ ഏജന്‍സിയായി കിലയെ ചുമതലപ്പെടുത്തിയതായി ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ അറിയിച്ചു.

2018-19 വര്‍ഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കിഫ്ബി ഫണ്ട് വഴി പാശ്ചാത്തല സൗകര്യ വികസനത്തിന് തെരഞ്ഞെടുക്കപ്പെട്ട 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് പണിക്കന്‍കുടി സ്‌കൂളിന് ഫണ്ട് അനുവദിച്ചത്. പദ്ധതിയുടെ നത്തിപ്പിന് ഇന്‍കെല്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി ഉത്തരവ് നേരത്തെ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത നിരവധി സ്‌കൂളുകളുടെ നിര്‍മ്മാണം നടന്നുവരുന്നതിനാല്‍ ഇന്‍കെല്‍ ലിമിറ്റഡ് മുഖേനയുളള തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.ഈ സാഹചര്യത്തിലാണ് നിര്‍വഹണ ഏജന്‍സിയായി കിലയെ ചുമതലപ്പെടുത്തിയത്.

കൊന്നത്തടി പഞ്ചായത്തിലെ അര നൂറ്റാണ്ടിലേറെ പഴക്കമുളള സ്‌കൂളാണിത്. പ്രൈമറിമുതല്‍ ഹയര്‍സെക്കന്ററി വരെയുളള വിഭാഗങ്ങള്‍ ഒരേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന് എംഎല്‍എ ഫണ്ടും, ഇതര ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടുകളും വിനിയോഗിച്ച് കെട്ടിട നിര്‍മ്മാണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സ്‌കൂളിലെ സ്ഥല പരിമിതി കണക്കിലെടുത്ത് ഒരു ബഹുനില മന്ദിരം പണിയുക എന്ന ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →