ചണ്ഡിഗഢ്: ആര്‍സി ബുക്ക്, ലൈസന്‍സ് ഉള്‍പ്പെടെയുള്ള വാഹന സംബന്ധമായ ഒരു രേഖകളും ഇനി കൈയ്യില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിച്ച വാഹന സംബന്ധമായ രേഖകള്‍ അംഗീകരിക്കാന്‍ സംസ്ഥാനം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണിത്. ഡിജി ലോക്കര്‍, എംപരിവാഹന്‍ പ്ലാറ്റ് ഫോം തുടങ്ങിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലുള്ള വാഹന സംബന്ധമായ എല്ലാ രേഖകളും 1988ലെ മോട്ടോര്‍ വാഹന നിയമപ്രകാരം സാധുതയുള്ളതാണെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ ചുവട് പിടിച്ചാണ് സംസ്ഥാനത്തിന്റെ നടപടി. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഹന പരിശോധനകള്‍ക്കിടയില്‍ പോലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥർക്ക് ഈ ആപ്പുകൾ വഴി രേഖകൾ പരിശോധിക്കാനാവും. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഡിജി ലോക്കര്‍പ്ലാറ്റ്‌ഫോമിലോ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ എംപരിവാഹന്‍ വഴിയോ വാഹന സംബന്ധമായ രേഖകള്‍ എല്ലാം തന്നെ ഇലക്ട്രോണിക് രൂപത്തിലാക്കാനുളള സൗകര്യമുണ്ട്.
ഡിജിറ്റല്‍ ലോക്കറിലോ എംപരിവാഹന്‍ ആപ്പിലോ ലഭ്യമായിരിക്കുന്ന ഇലക്ട്രോണിക് രേഖകള്‍ക്ക് 2000ലെ ഐടി ആക്ട് പ്രകാരം നിയമ സാധുതയുണ്ട്. പുതിയ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ്, ഇന്‍ഷ്വറന്‍സ് പുതുക്കല്‍ തുടങ്ങിയ രേഖകള്‍ വാഹന്‍ എന്ന ഡേറ്റ ബേസ് വഴി ഇന്‍ഷ്വറന്‍സ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് അപ്ലോഡ് ചെയ്യുമെന്നും ഇത് മന്ത്രാലയത്തിന്റെ എംപരിവാഹന്‍/ ഇചെല്ലാന്‍ ആപ്പില്‍ ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ട്.
എംപരിവാഹന്‍ ആപ്പ്
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് എംപരിവാഹന്‍. വാഹനങ്ങളെ കുറിച്ചുളള എല്ലാ അടിസ്ഥാന വിവരങ്ങള്‍ അറിയാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. വാഹനത്തിന്റെ നമ്പറും അടിസ്ഥാന വിവരങ്ങളും നല്‍കിയാല്‍ വാഹന ഉടമയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. ഈ ആപ്ലിക്കേഷനില്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക്, ലേണേഴ്സ് ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും കഴിയും. കൂടാതെ റോഡില്‍ വാഹനത്തിരക്ക് ഉണ്ടോ എന്നും അറിയാം
ഡിജിലോക്കര്‍ ആപ്പ്
2015ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ലോക്കര്‍ ആപ്പാണ് ഇത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഔദ്യോഗിക രേഖകളുടെ പകര്‍പ്പുകളെല്ലാം സൂക്ഷിക്കാന്‍ ഈ ആപ്പ് സഹായിക്കും. ആധാര്‍ കാര്‍ഡ് ഉളളവര്‍ക്കു മാത്രമേ ഡിജിലോക്കര്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ. ആപ്പ് ലോഗിന്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ ആവശ്യമാണ്. 1ജിബി സ്റ്റോറേജ് രേഖകള്‍ വരെ ഈ ആപ്പില്‍ സൂക്ഷിക്കാം. വിദ്യാഭ്യാസ രേഖകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ രേഖകള്‍, പാന്‍കാര്‍ഡ് എന്നിവയെല്ലാം ഡിജിറ്റലാക്കി ഇതില്‍ സൂക്ഷിക്കാം.