മുംബൈ: നാലാംദിനവും നഷ്ടം തുടര്‍ന്നതോടെ വാരാന്ത്യം സെന്‍സെക്സ് നഷ്ടം വര്‍ധിപ്പിച്ചു. സെന്‍സെക്സ് 434.93 പോയിന്റ് നഷ്ടത്തില്‍ 50,889.76ലും നിഫ്റ്റി 137.20 പോയിന്റ് താഴ്ന്ന് 14,981.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ താഴ്ചയാണിത്.തുടക്കംമുതല്‍ കടുത്ത വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും വിപണികളില്‍ പ്രകടമായി. രാജ്യാന്തര വിപണികളുടെ മെല്ലെപ്പോക്കും പ്രാദേശിക സൂചികകള്‍ക്കു തിരിച്ചടിയായി. ഇതോടെ സെന്‍സെക്സ് 51,000 പോയിന്റിനും നിഫ്റ്റി 15,000 പോയിന്റിനും താഴെയെത്തി.
വാഹനം, ബാങ്ക്, അടിസ്ഥാനസൗകര്യവികസനം, ലോഹം, ഫാര്‍മ തുടങ്ങിയ ഓഹരികളാണു നഷ്ടത്തിലായത്. ബി.എസ്.ഇയിലെ 1,727 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1,175 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഒ.എന്‍.ജി.സി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, എസ്.ബി.ഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.