കോഴിക്കോട് : മാതാവിന്റെ സഹായത്തോടെ 13 വയസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയും നിരവധിപേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്ന കേസില്‍ കോഴിക്കോട് അതിവേഗ കോടതി സെഷന്‍സ് ജഡ്ജി ശ്യാംലാല്‍ ഫെബ്രുവരി 18ന് വിധിപറയും. അന്വേഷണ ഉദ്യോഗസ്ഥനേയും പ്രോസിക്യൂട്ടറേയുമടക്കം പലതവണ മാറ്റുകയും പ്രതികള്‍ക്കായി ഉന്നത ഇടപെടല്‍ നടന്നുവെന്ന ആരോപണം ഉയരുകയും ചെയ്തകേസിലാണ് 14 കൊല്ലത്തിന് ശേഷം വിധി വരുന്നത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിനും വ്യഭിചാരത്തിന് വിറ്റതിനും ബലാല്‍സംഗത്തിനും ശിക്ഷാ നിയമം 366എ, 372,373,376 തുടങ്ങിയ വിവധ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.
മാതാപിതാക്കള്‍ വിവാഹ മോചനം നടത്തിയതിനാല്‍ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് ഇരുവരും 2007-08 കാലത്ത് കോഴിക്കോട് .ഊട്ടി, ഗുണ്ടല്‍പേട്ട, വയനാട് മണാശേരി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വീട്ടിലും ഹോട്ടലുകളിലും പലര്‍ക്കായി പണത്തിന് വേണ്ടി കാഴ്ചവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.



