ന്യൂഡല്‍ഹി: രണ്ടുപേര്‍ക്ക് വിവാഹിതരാവാന്‍ കുടുംബാംഗങ്ങളുേടയോ സമുദായത്തിന്‍റെയോ അനുവാദം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റീസ്മാരായ സജ്ജയ് കിഷാന്‍, ഋഷികേശ് റോയി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മാര്‍ഗ്ഗരേഖകള്‍ നിര്‍മ്മിക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ മുര്‍ഗോഡ് പോലീസ് സ്‌റ്റേഷനില്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദ്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
രണ്ടുപേര്‍ തമ്മിലുളള വിവാത്തെ കുടുംബത്തില്‍ നിന്നുളള എതിര്‍പ്പോ, സമുദായത്തില്‍ നിന്നുളള സമ്മര്‍ദ്ദമോ പ്രതികൂലമായി ബാധിക്കില്ല. വിദ്യാസമ്പന്നരായ യുവ ജനതയാണ് പഴയ സാമുദായിക വ്യവസ്ഥകളില്‍ നിന്നും വിട്ടുമാറി അവരവരുടെ പങ്കാളികളെ തെരഞ്ഞെടുക്കുന്നത്. ഇതിലൂടെ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.ഇത്തരം വിവാഹങ്ങള്‍ക്കെതിരെ ഭീഷണി നേരിടുന്നവര്‍ക്കുളള പിന്തുണയാണ് കോടതി നല്‍കുന്നതെന്നും ബെഞ്ച് അറിയിച്ചു.
തന്റെ മകള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയെന്നും മറ്റൊരാളുമായി വിവാഹിതയായെന്നും പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്‍ന്ന് യുവതിയോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ പരാതിയുമായാണ് ദമ്പതികള്‍ സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണോദ്യോഗസ്ഥര്‍ തന്നോട് വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ കുടുംബാംഗങ്ങളെക്കൊണ്ട് യുവതിയെ തട്ടിക്കൊണ്ട് പോയതിന് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

