ഒടുവിൽ കേന്ദ്രത്തിനു വഴങ്ങി ട്വിറ്റർ , 1398 അക്കൗണ്ടുകൾ റദ്ദാക്കി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ സമ്മർദ്ധത്തിനു വഴങ്ങി കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 1178 അക്കൗണ്ടുകളും മോദി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുന്ന എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച 220 അക്കൗണ്ടുകളുമാണ് ബ്ലോക്ക് ചെയ്തത്. ബാക്കിയുള്ള അക്കൗണ്ടുകള്‍ ഡുപ്ലിക്കേറ്റ് ആണെന്നും അത് ബ്ലോക്ക് ചെയ്യേണ്ട കാര്യമില്ലെന്നും ട്വിറ്റര്‍ കേന്ദ്രത്തെ അറിയിച്ചു.

1435 അക്കൗണ്ടുകള്‍ റദ്ദ് ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഐടി വകുപ്പ് നിയമം 69 എ പ്രകാരമാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയത്. അതേസമയം, സിപിഐഎം നേതാവ് മുഹമ്മദ് സലിമിന്റെയും കാരവന്‍ മാഗസിന്റെയും അക്കൗണ്ടുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വിറ്ററിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ മാറ്റം ഉണ്ടാകുമെന്നും കമ്പനി കേന്ദ്രത്തെ അറിയിച്ചു.

അക്കൗണ്ടുകള്‍ ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം ആദ്യം ട്വിറ്റര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ ക്യാപിറ്റോള്‍ അക്രമവും ഇന്ത്യയിലെ കര്‍ഷകസമരവും തമ്മില്‍ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാജ്യസഭയില്‍ രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം. ക്യാപിറ്റോള്‍ അക്രമത്തിന്റെ കാലത്ത് അക്രമത്തെ തടയാന്‍ പൊലീസിനെ പിന്തുണച്ച ട്വിറ്റര്‍, പക്ഷേ രാജ്യത്ത് കര്‍ഷകസമരം നടക്കുമ്പോള്‍ അക്രമത്തെ തടയാന്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്റര്‍ ഈ ഇരട്ടത്താപ്പ് സമീപനം അവസാനിപ്പിക്കണമെന്നും ഇവിടുത്തെ ഭരണഘടനയ്ക്ക് അനുസൃതമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →