ന്യൂഡല്‍ഹി: രാജ്യത്തെ ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളില്‍ ഏതെങ്കിലും തരത്തിലുള്ള വ്യവസ്ഥാപരമായ ലിംഗഭേദം അല്ലെങ്കില്‍ മതപരമായ പക്ഷപാതിത്വമോയില്ലെന്ന് പഠന റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള റിസര്‍ച്ച് ഓര്‍ഗനൈസേഷനായ ഡെവലപ്മെന്റ് ഡാറ്റ ലാബ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജഡ്ജിമാര്‍ പ്രതികളെ അവരുടെ ലിംഗഭേദമനുസരിച്ചോ മതത്തിന്റെ അടിസ്ഥാനത്തിലോ പക്ഷപാതം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡാര്ട്ട്മൗവേത്ത് കോളേജ് പ്രൊഫസര്‍ പോള്‍ നോവോസാദും ജോണ്‍സ് ഹോപ്കിന്‍സ് സെയ്സ് പ്രൊഫസര്‍ സാം ആഷറും ചേര്‍ന്ന് സ്ഥാപിച്ച ഡവലപ്മെന്റ് ഡാറ്റ ലാബാണ് ഗവണ്മെന്റുകള്, സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ എന്നിവയുമായി ചേര്‍ന്ന് പഠനം നടത്തിയത്. 2010 മുതല്‍ 2018 വരെ രാജ്യത്തുടനീളമുള്ള ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലെ 8 കോടി കേസ് റെക്കോര്‍ഡുകളുടെ ഡാറ്റാസെറ്റാണ്സംഘം പരിശോധിച്ചത്. സര്‍ക്കാരിന്റെ ഇ-കോര്‍ട്ട് പ്ലാറ്റ്ഫോമില്‍ ലഭ്യമായ രേഖകളാണിവ. 7,000 ജില്ലാ, സബോര്‍ഡിനേറ്റ് ട്രയല്‍ കോടതികളും 80,000 ജഡ്ജിമാരുമാണ് ഇത്രയും കേസുകള്‍ പരിഗണിച്ചത്.

