തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ച് സീരിയലുകളും ദൃശ്യ,സ്രാവ്യ പരിപാടികളും അവതരിപ്പിക്കുമ്പോള്‍ ബാലവേല നിരോധന നിയമം പാലിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കമ്മീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പാരക്കട്ട് ,കെ.നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഒരു സീരിയലുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കുകയായിരുന്നു . കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന എല്ലാ വീഡിയോ ഓഡിയോ ഷോകള്‍ക്കും ഉത്തരവ് ബാധകമാണ്.
ബാലവേല നിരോധന നിയമം അനുസരിച്ച് ഇത്തരം പരിപാടികള്‍ക്ക് ജില്ലാ മജി സ്‌ട്രേറ്റിന്‍റെ മുന്‍കൂട്ടിയുളള അനുമതി വാങ്ങിയിരിക്കണം. നിയമാനുസൃത അപേക്ഷയും എത്രകുട്ടികള്‍ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മത പത്രവും ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചിരിക്കണം. കുട്ടികളെ അഞ്ചുമണിക്കൂറോ തുടര്‍ച്ചയായി മൂന്നുമണിക്കൂറിലധികമോ പങ്കെടുപ്പിച്ചുകൂടാ. കുട്ടികളുടെ സുരക്ഷക്കും സംരക്ഷണത്തിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. കുട്ടിക്ക് കിട്ടുന്ന വരുമാനത്തില്‍ 20 ശതമാനത്തില്‍ കുറയാതെ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണം. പ്രായപൂര്‍ത്തിയാകുന്ന മുറയ്‌ക്ക് തുക കുട്ടിക്ക് ലഭ്യമാക്കണം.

