കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ആഴ്ചമുതല്‍ ലഭിക്കുന്നത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന നയത്തിന്റെ ഭാഗമായിട്ടാണ് എണ്ണകമ്പനികള്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കുന്നത്. ബയോ ഇന്ധനയായ എഥനോള്‍ പഞ്ചസാര വ്യവസായത്തിന്റെ ഉപോല്പ്പന്നമാണ്. വെളളത്തില്‍ ലയിക്കുന്നതാകയാല്‍ ഇത് പ്രകൃതിക്ക് കാര്യമായ ദോഷം വരുത്തുന്നതല്ല. വാഹന ടാങ്കില്‍ വെളളത്തിന്റെ അംശം ഉണ്ടായാല്‍ അത് എഥനോളുമായി കലര്‍ന്ന് വാഹനങ്ങള്‍ക്ക് സറ്റാര്‍ട്ടിംഗ് തടസമുണ്ടാക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
സാധാരണ പെട്രോളില്‍ ജലാംശം ഉണ്ടെങ്കില്‍ പ്രത്യേക പാളിയായി താഴെ അടിയും. എന്നാല്‍ എഥനോള്‍ പെട്രോളില്‍ വെളളം കൂടുതല്‍ കലരും. ഇതാണ് വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടാക്കാനുളള സാധ്യത കൂട്ടുുന്നത്. വെളളത്തിന്റെ അംശം വാഹനത്തിന്റെ ഇന്ധന ടാങ്കില്‍ ഉണ്ടാകരുത്. വാഹനം കഴുകുമ്പോഴും മഴയത്തു ഇന്ധനടാങ്കിലേക്ക ഒട്ടും വെളളമിറങ്ങുന്നില്ലെന്ന് വാഹന ഉടമകള്‍ ഉറപ്പുവരുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കി.
ടാങ്കിന്റെ ഏറ്റവും താഴെ വെളളത്തിന്റെ നേരിയ അംശം ഉണ്ടാകാനിടയുണ്ട്. അതിനാല്‍ ഇന്ധനം പൂര്‍ണ്ണമായും തീരുന്നതിന് മുമ്പുതന്നെ വീണ്ടും നിറക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേതന്നെ എഥനോളടങ്ങിയ പെട്രോള്‍ ലഭ്യമാക്കി തുടങ്ങിയിരുന്നു. കേരളത്തിലും മുമ്പ് ഇത് നല്‍കിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. ഇത്തവണ എണ്ണകമ്പനികളുടെ പ്രതിനിധികള്‍ പമ്പുകളിലെത്തി ടാങ്കിനടിയില്‍ വെളളമുണ്ടോയെന്ന് പരിശോധന നടത്തി വെളളം കണ്ടെത്തിയ ടാങ്കുകളിലെ ജലാംശം നീക്കം ചെയ്തു. ദിവസവും അഞ്ചുതവണവരെ പമ്പുടമകള്‍ പെട്രോളില്‍ വെളളത്തിന്റെ അംശമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. . ജലാംശം പരിശോധിക്കാന്‍ പ്രത്യേക സംവിധാനവും പമ്പുകള്‍ക്ക് നല്‍കിയട്ടുണ്ട്.

