യാങ്കോണ്‍: സൈനിക അട്ടിമറിക്ക് ശേഷം കസ്റ്റഡിയില്‍ എടുത്ത മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്റിനെ കുടുംബത്തോടൊപ്പം അജ്ഞാത കേന്ദ്രത്തിലേക്ക് സ്ഥലത്തേക്ക് മാറ്റിയതായി നാഷണല്‍ ഡെമോക്രാറ്റിക് ലീഗ് (എന്‍എല്‍ഡി) വക്താവ് അറിയിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചി ആരോഗ്യവതിയായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നവംബറിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മ്യാന്‍മറില്‍ സര്‍ക്കാരും സൈന്യവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയും തുടര്‍ന്ന് സൈന്യം ഭരണം പിടിച്ചെടുക്കുകയുമായിരുന്നു. തടങ്കലിലാക്കിയിട്ടുള്ള നേതാക്കളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.
2020 നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാംതവണയും മ്യാന്‍മറില്‍ വന്‍ ഭൂരിപക്ഷത്തില്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ് പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്. രോഹിന്‍ഗ്യ വംശഹത്യയുടെ പേരില്‍ സമീപകാലത്ത് രാജ്യാന്തര അംഗീകാരത്തില്‍ ഇടിവ് സംഭവിച്ചിരുന്നെങ്കിലും ഇന്നും മ്യാന്‍മറിലെ ജനകീയ നേതാവാണ് സൂചിയെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് വിജയം. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പട്ടാളം പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ പരാജയപെടുത്തി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.

