മുഖ്യമന്ത്രിക്കെതിരായ തന്റെ പരാമര്‍ശനം ഷാനിമോള്‍ ഉസ്മാന്‍ വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കാമെന്ന് കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ.സുധാകരന്‍ എം.പി. തന്റെ പരാമര്‍ശനം കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചന ആണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു.

ചെത്തുകാരന്‍ പരാമര്‍ശം വിവാദമാക്കേണ്ട സിപിഐഎം മൗനം പാലിച്ചപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ ഇക്കാര്യത്തില്‍ പ്രതിഷേധിച്ചതാണ് കെ.സുധാകരനെ ചൊടിപ്പിച്ചത്. ഷാനിമോള്‍ ഉസ്മാന്‍ അനവസരത്തിലാണ് വിമര്‍ശനം നടത്തിയതെന്നാണ് സുധാകരന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ താന്‍ കെപിസിസി അധ്യക്ഷന് കത്ത് എഴുതിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സിപിഐഎം ആരോപിക്കാത്ത കാരണങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് വരുന്നു. പരാമര്‍ശങ്ങളില്‍ ആരും തെറ്റ് ചൂണ്ടിക്കാണിച്ചില്ല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം സിപിഐഎം പ്രശ്‌നമാക്കേണ്ടിടത്ത് കോണ്‍ഗ്രസിലെ നേതാക്കള്‍ പ്രശ്‌നം ഉന്നയിക്കുന്നത് എന്തിനാണ്. കെപിസിസി നേതൃത്വം നയം വ്യക്തമാക്കണം. പിണറായി വിജയനെക്കുറിച്ച് നല്ലത് പറയേണ്ട കാലത്തൊക്കെ നല്ലത് പറഞ്ഞിട്ടുണ്ട്. വസ്തുത വസ്തുതയായി നില്‍ക്കണം. പരാമര്‍ശത്തില്‍ യാതൊരു തെറ്റും ഉണ്ടെന്ന് കരുതുന്നില്ല. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →