കൊച്ചി: കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍ ലഹരി ഉപയോഗിച്ചത് വീട്ടില്‍ അറിയിച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പോലീസിനെതിരായ വികാരം ഉയര്‍ത്താന്‍ ശ്രമം. പോലീസ് ഇവരെ മര്‍ദ്ദിച്ചെന്നും ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടെന്നും ആരോപണമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത വന്നതോടെ സ്റ്റേഷനില്‍ കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. “പട്ടിണിക്കിട്ടുപോലും , ഞങ്ങളുടെ എസ്എച്ച് ഒ പോക്കറ്റില്‍ നിന്ന് കാശു കൊടുത്ത് ഫിഷ് കറി മീല്‍സ് വാങ്ങിക്കൊടുത്തു. എന്റെ പണിപോയാലും വേണ്ടില്ല ഫോട്ടോ ഞാനിടും ” എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ പ്രതികളെ നിരത്തി നിര്‍ത്തി ഫോട്ടോയെടുത്തെന്നും ഇത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാ ശ്രമമെന്നുമായിരുന്നു ആദ്യ പ്രചാരണം. ഔദ്യോഗികമായി പോലീസ് പടമെടുത്തതല്ലാതെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്ന് വ്യക്തമായതോടെ മര്‍ദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പട്ടിണിക്കിട്ടുമെന്നുമായിപ്രചരണം. എന്നാല്‍ കുട്ടികളില്‍ ഒരാളെപ്പോലും മര്ദ്ദിച്ചിട്ടില്ലായെന്നും, പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളായതിനാല്‍ വനിതാ പോലീസിനെ ഉപയോഗിച്ചാണ് ഇവരോട് സംസാരിച്ചതെന്നും കളമശേരി സിഐ സന്തോഷ് പറഞ്ഞു. അക്രമിസംഘത്തിലെ കുട്ടികളില്‍ ഒരാളുടെ ബന്ധുവാണ് പോലീസ് മര്‍ദ്ദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.
സഹപാഠിയായ വിദ്യാര്‍ത്ഥി ആക്രമണത്തിനിരയായി തൊട്ടടുത്ത ദിവസം ആക്രമിക്കപ്പെട്ട കുട്ടിയുടെ സഹോദരന് ഉള്‍പ്പടെയുളളവര്‍ ഇവരോട് ചോദിക്കാനെത്തിയത് അടിപിടിയിൽ കലാശിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കണ്ട നാട്ടുകാരും ഇവര്‍ക്കുനേരെ തിരിഞ്ഞിരുന്നു. സഹോദരനും ഇവരും തമ്മിലുളള അടിപിടിയെക്കുറിച്ച് അറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനില്‍ സംഘത്തെ എത്തിച്ച ശേഷമാണ് മര്‍ദ്ദന വിവരം പോലീസ് അറിയുന്നതും വീഡിയോ കാണുന്നതും. ഇവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുളള ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്കുശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. നാട്ടുകാര്‍ ഈ സമയവും പ്രതികള്ക്കെതിരെയായിരുന്നതിനാല് രാത്രി മുഴുവന്‍ രണ്ടുപോലീസുകാരെ ഇവരുടെ സുരക്ഷക്കായി നിയോഗിച്ചിരുന്നതായും സിഐ പറഞ്ഞു.

