തൃശൂര്‍: ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ മഴ നനയേണ്ടി വന്നതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഉത്തരവായി. പറപ്പൂര്‍ സ്വദേശി പിഒ സെബാസ്റ്റ്യന്‍ ഫയല്‍ ചെയ്ത കേസിലാണ് ഫോറത്തിന്റെ വിധി. നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവിന് 3,000 രൂപയും നല്‍കാനാണ് ഉത്തരവ്.
2013 ജൂണ്‍ 29നാണ് സെബാസ്റ്റ്യന്‍ ജനശദാബ്ദിയില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്തത്. യാത്രയ്ക്കിടെ മഴയായിരുന്നതിനാല്‍ ജനല്‍ അടയ്ക്കാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞിരുന്നില്ല. ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നതിനാല്‍ വേറെ സീറ്റും ലഭിച്ചില്ല. ജനല്‍ അടയ്ക്കാന്‍ സഹയാത്രികരും ശ്രമിച്ചെങ്കിലും അടയ്ക്കാന്‍ കഴിഞ്ഞില്ല. വിവരം ടിക്കറ്റ് ഇന്‍സ്‌പെക്ടറോട് പറഞ്ഞിട്ടും നിവൃത്തികള്‍ ഉണ്ടായില്ല. ആയതിനാല്‍ തിരുവനന്തപുരം വരെ നനഞ്ഞ് യാത്ര ചെയ്യേണ്ടിവന്നു.
2014 ലാണ് കോടതി കേസ് പരിഗണിച്ചത്. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറിലാണ് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഉത്തരവായത്. പരാതിക്കാരന്റേത് കെട്ടിച്ചമച്ച കഥയാണെന്ന് റെയില്‍വേ പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. ഉത്തരവ് പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു.

