മമത ബാനര്‍ജി മുസ്‌ലിം തീവ്രവാദിയാണെന്ന് ബി ജെ പി നേതാവ്, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബംഗ്ലാദേശിലേക്ക് മമതയ്ക്ക് നാടുവിടേണ്ടിവരുമെന്നും പരിഹാസം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മുസ്‌ലിം തീവ്രവാദിയെന്ന് വിളിച്ച് യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ദ് സ്വരൂപ് ശുക്ല. ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബംഗ്ലാദേശിലേക്ക് മമതയ്ക്ക് നാടുവിടേണ്ടിവരുമെന്ന് ഇദ്ദേഹം പറഞ്ഞു.

ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിക്കാത്ത വ്യക്തിയാണ് മമതയെന്നും അവര്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും ശുക്ല പറഞ്ഞു.

‘മമത ഒരു മുസ്‌ലിം തീവ്രവാദിയാണ്. ബംഗാളിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തും ഹിന്ദു ദൈവങ്ങളെ അപമാനിച്ചും വിശ്വാസികളുടെ സമാധാനം കെടുത്തുകയാണവര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി പരാജയപ്പെടും. പിന്നീട് ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥിയായി പോകേണ്ടി വരും’, ശുക്ല പറഞ്ഞു.

ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ശുക്ലയുടെ ഈ പരാമര്‍ശം. അതേസമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി.അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →