തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒരു വര്‍ഷത്തിനുശേഷമാണ് വരന്തരപ്പിള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി (24)യെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
2020 ജനുവരിയിലാണ് പെൺകുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ മരണത്തിനു മുമ്പ് പീഡിപ്പിച്ചെന്നാണ് കേസ്. മരിച്ച പെണ്‍കുട്ടിക്ക് ആണ്‍സുഹൃത്തുമായുണ്ടായിരുന്ന പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് അഭിരാമി താക്കീത് നല്‍കിയിരുന്നു. മാനസികസമ്മര്‍ദം ഏറിയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്.
ബന്ധുക്കൾ തന്നെയാണ് മരിച്ച പെണ്‍കുട്ടിയുമായുള്ള അഭിരാമിയുടെ ബന്ധത്തെപ്പറ്റി പോലീസിനു സൂചന നല്‍കിയത്. ഇതുസംബന്ധിച്ച തെളിവുകള്‍ യുവതിയുടെ ഫോണില്‍നിന്ന് അന്വേഷണത്തിനിടെ ലഭിച്ചതായും പോലീസ് പറഞ്ഞു.
തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് എസ്.എച്ച്.ഒ. ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ. അനുദാസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, ദുര്‍ഗ എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.