മോമോസ് വാങ്ങാമെന്ന് പറഞ്ഞ് പത്തു വയസുകാരനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി; പ്രതികൾ 12 ഉം 17 ഉം വയസുള്ള ആൺകുട്ടികൾ; കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്

ഡല്‍ഹി: പണം തട്ടിയെടുക്കാൻ പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ടും പതിനേഴും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 9-1-2021 ശനിയാഴ്ച്ച വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കജൂരി ഖാസ് പ്രദേശത്തുള്ള പള്ളിയില്‍ നിന്നും 10 വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു.

വെള്ളിയാഴ്ച മോമോസ് വാങ്ങാമെന്ന് പറഞ്ഞാണ് ഇവർ കുട്ടിയെ വിളിച്ചത്. പിന്നീട് കുട്ടിയെ പള്ളിയുടെ ഒന്നാം നിലയിലേക്ക് കൊണ്ടുപോയി. മൂവരും ചേര്‍ന്ന് മോമോസ് കഴിച്ചതിനു ശേഷം 17 വയസ്സുകാരന്‍ കുട്ടിയെ കീഴ്‌പ്പെടുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം ചാക്കിട്ടുമൂടിയിട്ട് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ശ്രീറാം കോളനിയിലെ മസ്ജിദിലേക്ക് പോയ മകനെ പിന്നീട് കാണാതായെന്നായിരുന്നു പരാതി. തിരച്ചിലിനിടെയാണ് പള്ളിയുടെ ഉള്ളിൽ നിന്നും ചാക്കിട്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചിപ്പിക്കാന്‍ പിതാവില്‍ നിന്നു പണം ആവശ്യപ്പെടാനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കുട്ടിക്ക് ഉറക്ക ഗുളിക കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയെങ്കിലും കുട്ടി മയങ്ങാത്തതിനാൽ കൊലപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →