റിയാദ്: സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് കോവിഡ് വാക്സിൻ സ്വീകരിച്ചു. വെള്ളിയാഴ്ച(08/01/21) രാജാവ് ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ഒരു മെഡിക്കൽ സ്റ്റാഫ് രാജാവിന് വാക്സിൻ കുത്തിവയ്ക്കുന്നതായി കാണിക്കുന്ന ഒരു ഹ്രസ്വ വീഡിയോയും ഏജൻസി പോസ്റ്റ് ചെയ്തിട്ടുണ്ട്.
2020 ഡിസംബർ പകുതിയോടെ സൗദി അറേബ്യ കോവിഡ് -19 വാക്സിനേഷൻ ആരംഭിച്ചിരുന്നു.
65 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത അസുഖമുള്ളവർ അല്ലെങ്കിൽ അണുബാധയുടെ സാധ്യത കൂടുതലുള്ളവർ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി സിനേഷൻ നടത്തുമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ഇതിനു ശേഷം 50 വയസ്സിനു മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകും. മറ്റെല്ലാവരെയും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തും , മന്ത്രാലയം പറഞ്ഞു. വാക്സിൻ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായിരിക്കും.
ഇതുവരെ സൗദിയിൽ 363,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,278 പേർ മരിച്ചു. അറബ് രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ 34 ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്.