ഹൈദരാബാദ്: സ്ത്രീകളാണെന്ന് നടിച്ച് ഫേസ്ബുക്കിൽ പുരുഷന്മാരെ കബളിപ്പിച്ചതിന് അഞ്ച് വിദേശ പൗരന്മാരെ രാച്ചക്കണ്ട പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്.
ഹൈദരാബാദ് സ്വദേശിയായ ഒരാളിൽ നിന്ന് 2020 നവംബറിൽ ലഭിച്ച പരാതിയെ തുടർന്ന് രച്ചക്കൊണ്ട പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട സോഫിയ അലക്സ് എന്ന ഓസ്ട്രേലിയൻ യുവതി തന്നെ കാണാൻ മുംബൈയിൽ എത്തുന്നു എന്ന വിവരമാണ് ഹൈദരാബാദ് സ്വദേശിയായ യുവാവിന് ലഭിച്ചത്. എന്നാൽ തനിക്കു വേണ്ടി യുവതി കൊണ്ടുവന്ന പണവും സ്വർണവും മൊബൈൽ ഫോണും മുംബൈയിൽ കസ്റ്റംസ് പിടികൂടി എന്ന വിവരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയുടെ ഫോൺ കോളായി പിന്നീട് ഇയാളെ തേടി വന്നത്. സാധനങ്ങൾ വിട്ടുകിട്ടാൻ 4.83 ലക്ഷം രൂപയും ഈ ‘ഉദ്യോഗസ്ഥ’ ആവശ്യപ്പെട്ടു. ഇത്രയും തുക അവർ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ശേഷമാണ് യുവാവിന് അപകടം മണത്തത്. ശേഷം ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഘാന, ലൈബീരിയ, നൈജീരിയ സ്വദേശികളാണ് പിടിയിലായവർ.
നിരവധി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ സംഘം സൃഷ്ടിക്കുകയും രാജ്യത്തുടനീളം നിരവധി പുരുഷന്മാരെ കബളിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സംഘത്തിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസിൽ രജിസ്റ്റർ ചെയ്ത മറ്റ് മൂന്ന് കേസുകളും പോലീസ് തിരിച്ചറിഞ്ഞു. ഇരകളെ കബളിപ്പിച്ച സംഘം സിം കാർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ദില്ലിയിലെ വാടക അപ്പാർട്ട്മെന്റിൽ താമസിച്ചു കൊണ്ടാണ് സംഘം പ്രവർത്തിച്ചു വന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇവർ ഇന്റർനെറ്റ് കണക്ഷൻ നേടിയതെന്നും പോലീസ് പറയുന്നു.



