ന്യൂഡൽഹി: തെക്ക് കിഴക്കൻ ഏഷ്യ – പസഫിക് സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും മോശമായി ജിഡിപി ചുരുങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട്. ഫിലിപ്പൈൻസാണ് ഇന്ത്യയേക്കാൾ മോശം സ്ഥിതിയിലുള്ള ഏക രാജ്യം.8.1 ശതമാനം വളർച്ചാ സങ്കോചമാണ് ഫിലിപ്പൈൻസിൽ എങ്കിൽ ഇന്ത്യയിലെ ഇടിവ് 7.7 ശതമാനമാണ്. തായ്‌ലാൻഡിന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ ചുരുങ്ങൽ 6.8 ശതമാനത്തിൻ്റേതാണ്.
കോവിഡിനാൽ വിനോദ സഞ്ചാരം ബാധിക്കപ്പെട്ടത് ഫിലിപ്പീൻസ്, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളെ സാരമായി ബാധിച്ചു. ലോക ബാങ്കിന്റെ ഏറ്റവും പുതിയ പ്രവചനങ്ങൾ അനുസരിച്ച്, തെക്കുകിഴക്കൻ സമ്പദ്‌വ്യവസ്ഥകൾ സാരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. മേഖലയിലെ ചൈനയൊഴികെ മറ്റുളള രാജ്യങ്ങൾ സേവന മേഖല, കയറ്റുമതി, ടൂറിസം എന്നിവയെ വളരെയധികം ആശ്രയിക്കുന്നതു മൂലം 2020 ൽ തുടങ്ങിയ ഈ തകർച്ച 2021 ലും നീണ്ടുനിൽക്കും.
ടൂറിസത്തെ ആശ്രയിക്കുന്ന ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവയ്ക്ക് കനത്ത ആഘാതമുണ്ടായതായും ലോകബാങ്ക് പറയുന്നു. അതേസമയം മഹാമാരിയ്ക്കു മുമ്പ് അതിവേഗം വളർന്ന വിപണികളിലൊന്നായ ബംഗ്ലാദേശിന്റെ വളർച്ച രണ്ട് ശതമാനമായാണ് കുറഞ്ഞത്. പാക്കിസ്ഥാനിലും ഈ സാമ്പത്തിക വർഷത്തിൽ വളർച്ച 1.5 ശതമാനം കുറയാനിടയുണ്ട്.

