മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ ഇനി വീട്ടിലേക്ക് തിരിച്ചുപോകില്ല, ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തും , സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ

ന്യൂഡല്‍ഹി: കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ തീവ്രമാക്കാനൊരുങ്ങി കർഷക സംഘടനകൾ. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് പോകില്ലെന്നാണ് ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്ത് പറഞ്ഞത്.

‘ഞങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങളും എം.എസ്.പിയും പിന്‍വലിക്കണമെന്നായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇവ പിന്‍വലിക്കാതെ ഇനി വീട്ടിലേക്ക് ഒരു തിരിച്ചുപോക്കില്ല’, രാകേഷ് തികായത്ത് പറഞ്ഞു.

പ്രതിഷേധമാര്‍ച്ചും ട്രാക്ടര്‍ പരേഡുമായി കർഷകർ മുന്നോട്ടുപോകും. സമരത്തിന്റെ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച(05/01/21) കര്‍ഷക സംഘടനാ നേതാക്കള്‍ യോഗം ചേരും.

ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ ഡല്‍യിലേക്ക് നീങ്ങും. കുണ്ട്‌ലി – മനേസര്‍ – പല്‍വല്‍ ദേശീയപാതയിലും മാര്‍ച്ച് ആരംഭിക്കും. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്തും. കൂടാതെ 23 ന് രാജ്ഭവന്‍ മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയില്‍ ജനുവരി എട്ടിനാണ് വീണ്ടും ചര്‍ച്ച. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങ് വില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →