തിരുവനന്തപുരം: കോവിഡ് മൂലം സ്‌കൂളുകള്‍ അടഞ്ഞതോടെ പ്രീപ്രൈമറി അദ്ധ്യാപകരും ആയമാരും ഓണറേറിയം ഇല്ലാതെ കഷ്ടപ്പെടുന്നു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനാണ് എയ്ഡഡ് സ്‌കൂളുകളിലും പ്രീപ്രൈമറി നിര്‍ബ്ബന്ധമാക്കിയത്. കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കി അദ്ധ്യാപികമാര്‍ക്കും ആയമാര്‍ക്കുമുളള ഓണറേറിയം പിടിഎ നല്‍കണമെന്ന നിബന്ധനയിലാണ് എയ്ഡഡ് പ്രൈമറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ കോവിഡ്മൂലം സ്‌കൂളുകള്‍ അടഞ്ഞതോടെ ഇവരുടെ ഓണറേറിയവും നിലച്ചു.
സര്‍ക്കാര്‍ സ്‌കൂളിലുളളവര്‍ക്ക് ഓണറേറിയം സര്‍ക്കാരാണ് നല്‍കുന്നതെങ്കിലും 2012ന് ശേഷമുളളവരെ അംഗീകരിക്കാത്തതുകൊണ്ട് അവര്‍ക്കും വരുമാനമില്ല. പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കഴിഞ്ഞവരാണ് അദ്ധ്യാപികമാര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അദ്ധ്യാപികമാര്‍ക്ക് 11,00രൂപയും ആയമാര്‍ക്ക് 6,000 രൂപയുമാണ് ഓണറേറിയം. എയ്ഡഡ് സ്‌കൂളില്‍ കുട്ടികളുടെ എണ്ണത്തിനനുസൃതമായി 3000മുതല്‍ 5000 വരെയാണ് ഓണറേറിയം. ഒരു സ്‌കൂളില്‍ ഒരദ്ധ്യാപികയും ഒരു ആയയുമാണ് ഉളളത്. ഇവര്‍ക്ക് 2000 രൂപ പ്രതിമാസം സമാശ്വാസം തേടി പലവട്ടം വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും മാനുഷീക പരിഗണനപോലും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഓണറേറിയം കിട്ടാതായതോടെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഓണറേറിയം കിട്ടുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന കോടതി ഉത്തരവായിട്ടും നടപടികളില്ല.
ആകെ 2500 പ്രീപ്രൈമറി സ്‌കൂളുകളിലായി 2500 അദ്ധ്യാപകരും 2500 ആയമാരുമാണുളളത്. ജീവിക്കാന്‍ മറ്റ് നിവര്‍ത്തിയില്ലാതെ തൊഴിലുറപ്പ് പദ്ധതിക്കും ക്ലീനിംഗ് തൊഴിലിനും കൂലിപ്പണികള്‍ക്കും പോയാണ് ജീവിതം തളളിനീക്കുന്നതെന്ന് പ്രീ പ്രൈമറി ടീച്ചേഴ് ആന്‍റ് ആയ അസ്സോസിയേഷന്‍ പ്രസിഡന്‍റ് പി ബീന പറഞ്ഞു.

