ന്യൂഡൽഹി: ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ (ജാനകിപുരി വെസ്റ്റ്-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍) ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിനിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അതോടൊപ്പം എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലെ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായ ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് സേവനവും 2020 ഡിസംബര്‍ 28ന് രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഈ നൂതനാശങ്ങള്‍ സന്തോഷകരമായ യാത്രയുടെ ഒരു പുതിയ കാലഘട്ടത്തെ വിളംബരം ചെയ്യുകയും ചലനാത്മകത മെച്ചപ്പെടുത്തുകയും ചെയ്യും. ഡ്രൈവര്‍രഹിത ട്രെയിനുകള്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആണ്, അത് സാദ്ധ്യമായ മനുഷ്യപിശകുകള്‍ ഇല്ലാതാക്കുകയും ചെയ്യും. മജന്ത ലെയിനില്‍ ഡ്രൈവര്‍രഹിത ട്രെയിനിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ 2021 മദ്ധ്യത്തോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലെയിനിലും ഡ്രൈവര്‍രഹിത പ്രവര്‍ത്തനം പ്രതീക്ഷിക്കുന്നു.
എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലെയിനില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുന്ന ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ്, റുപേ ഡെബിറ്റ് കാര്‍ഡ് കൈവശമുള്ള ആര്‍ക്കും എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലെയിനില്‍ ആ കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാന്‍ സൗകര്യമൊരുക്കും. 2022 ഓടെ ഡല്‍ഹി മെട്രോയുടെ സമ്പൂര്‍ണ്ണശൃംഖലയിലും ഈ സൗകര്യം ലഭ്യമാകും.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1683854