കോട്ടയം: സമീപകാലത്തൊന്നും ഇളകാത്ത കോൺഗ്രസ്സ് കോട്ടകൾക്ക് പലതിനും ഇളക്കം തട്ടിയ ഒരു തദ്ദേശ തെരഞ്ഞെടുപ്പാണ് 2020 ലേത് എന്നത് കോൺഗ്രസ്സ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്.
കോട്ടയം ,ഇടുക്കി , പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിൽ ഉണ്ടായ കനത്ത തിരിച്ചടി സംസ്ഥാനത്തെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഏറ്റവും മോശമായ ദു:സ്വപ്നത്തിൽ പോലും കടന്നു വന്നിട്ടില്ലാത്തതായിരിക്കുമെന്ന് തീർച്ച. വിമോചന സമര കാലം മുതൽ കോൺഗ്രസിനോടൊപ്പം നിന്ന ക്രിസ്ത്യൻ വിഭാഗം കോൺഗ്രസിനെ ചെറുതായെങ്കിലും കൈവിട്ടു തുടങ്ങി എന്നതിന്റെ സൂചനകൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമായി. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് ഇടതു പാളയത്തിലേക്കു പോയതു മാത്രമാണ് ഈ മാറ്റത്തിനു കാരണം എന്ന് വിലയിരുത്തിയാൽ അത് പൂർണമായും ശരിയാകില്ല. ക്രിസ്ത്യൻ വോട്ടുകൾ ബി ജെ പി യിലേക്കും ഒഴുകിത്തുടങ്ങി എന്ന് വ്യക്തമാക്കുന്നതാണ് പല പഞ്ചായത്തുകളിലെയും ഫലങ്ങൾ .
”മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും , അവരുടെ ന്യായമായ അവകാശങ്ങളോടൊപ്പം നിൽക്കുകയും ചെയ്തിട്ടുള്ള പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്, അത് ഇവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നന്നായറിയാം. മുൻപും തദ്ദേശ തെരഞ്ഞെടുപ്പിൽ ഞങ്ങളെ കൈവിട്ട ന്യൂനപക്ഷ വിഭാഗങ്ങൾ നിയമസഭാ – ലോകസഭാ തെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ ഞങ്ങളെ തന്നെ വിജയിപ്പിച്ചിട്ടുണ്ട് ” ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടെ നിർത്താൻ ഇടതുപക്ഷവും ബിജെപിയും മുൻപെന്നത്തേക്കാളും ഇന്ന് ശ്രമിക്കുന്നുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ ത്രികോണ വടം വലിയിൽ പരീക്ഷിക്കപ്പെടാൻ പോകുന്നത് കോൺഗ്രസിന്റെ സംഘടനാ പാടവമാണ്. അതിൽ അവർ വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണണം.

