വര്‍ക്കല: പ്രൊഫസര്‍ ജി.ബാലകൃഷ്‌ണന്‍ നായര്‍ രചിച്ച ശിവാരവിന്ദം എന്ന ഗുരുദേവ കൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം പത്തുവാല്ല്യങ്ങളായി ശിവഗിരി മഠം പ്രസിദ്ധീകരിച്ചിരുന്നു. 1980 ഡിസംബറില്‍ ശിവഗിരി തീര്‍ത്ഥടന സമ്മേളനത്തിലായിരുന്നു ഒന്നാം വാല്ല്യം പ്രകശനം ചെയ്‌ത്ത്. പത്താം വാല്ല്യത്തിന്‍റെ പ്രകാശനം 1987ലും നടത്തി. സമ്പൂര്‍ണ്ണവ്യാഖ്യാനത്തിന്‍റെ പ്രസിദ്ധീകരണത്തില്‍ നിസ്‌തുലവും നിസ്വാര്‍ത്ഥവുമായ പങ്കുവഹിച്ച മഹത് വ്യക്തിയായിരുന്നു ആര്‍ ഹേലി . അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏഴുവര്‍ക്കാലം ഇതിനായി അദ്ദേഹം നീക്കിവച്ചിരുന്നു.
ഒരു ബ്രഹ്മ യജ്ഞത്തിന്‍റെ ശുഭ പരിസമാപ്‌തിയെന്ന പേരില്‍ പ്രൊഫസര്‍ ജി ബാലകൃഷ്‌ണന്‍ നായര്‍ എഴുതിയ പത്താം വാല്ല്യത്തിന്‍റെ ആമുഖ കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ഗുരുദേവ കൃതികളുടെ ഈ വ്യാഖ്യാന വാല്ല്യങ്ങള്‍ക്ക് മറ്റുപ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ട്. അതിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. ആര്‍ ഹേലിയുടെ ഭക്തി നിര്‍ഭരങ്ങളായ ഹൃദയ സ്‌പന്ദനങ്ങളാണ്. എന്തിനേറെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹേലി ഉറങ്ങുന്നതും ഉണരുന്നതും പ്രസ്‌തുത വാല്ല്യങ്ങളുടെ കെട്ടും മട്ടും അപൂര്‍വ്വ ചിത്രങ്ങളും സംവിധാന ഭംഗിയും സ്വപ്‌നം കണ്ടുകൊണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവവരൊക്കെ ധരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെന്‍റ് ജോസഫ് പ്രസിലായിരുന്നു സമ്പൂര്‍ണ്ണവ്യാഖ്യാനത്തിന്‍റെ 10 വാല്ല്യങ്ങളും അച്ചടിച്ചത്. ഈ വാല്ല്യങ്ങളുടെ പേരില്‍ സെന്‍റ് ജോസഫ് പ്രസിന് കേരള സര്‍ക്കാരിന്‍റെ അച്ചടിക്കുളള ഒന്നാം സമ്മാനം ഒന്നിലധികം തവണ ലഭിച്ച കാര്യവും പ്രൊഫെസര്‍ ജി ബാലകൃഷ്‌ണന്‍ നായര്‍ അനുസ്‌മരിക്കുന്നു. ഗുരുദേവ സാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടായി ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലുളളവര്‍ വിശേഷിപ്പിച്ച സമ്പൂര്‍ണ്ണ കൃതികളുടെ വ്യാഖ്യാനത്തിന്‍റെ പ്രസിദ്ധീകരണം കുറ്റമറ്റതാക്കാന്‍ കൃഷിവകുപ്പിലെ ജോലിത്തിരക്കുകള്‍ പോലും മാറ്റിവച്ചാണ് ആര്‍.ഹേലി പ്രവര്‍ത്തിച്ചത്. വ്യാഖ്യാന ഗ്രന്ഥത്തില്‍ ഗുരുദേവനുമായി ബന്ധപ്പെട്ട അപൂവ്വ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചിത്രങ്ങള്‍ സംഘടിപ്പിക്കാന്‍ കേരളത്തിന്‍റെ പലഭാഗങ്ങളിലും മാസങ്ങളോളം സഞ്ചരിക്കേണ്ടി വന്ന കാര്യവും അത് കണ്ടുകിട്ടിയപ്പോഴുണ്ടായ ആത്മ നിര്‍വൃതിയും ഹേലി പല സന്ദര്‍ഭങ്ങളിലും പങ്കുവച്ചിട്ടുണ്ട്. എല്ലാം ഗുരുകടാക്ഷം എന്ന വാക്കുകളിലാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഗുരുദേവ ഭക്തനും എസ്‌എന്‍ഡിപി യോഗത്തിന്‍റെ പ്രധാന പ്രവര്‍ത്തകരിലൊരാളുമായിരുന്നു ആറ്റിങ്ങല്‍ നഗരസഭയുടെആദ്യ ചെയര്‍മാനും ഹേലിയുടെ പിതാവുമായ പിഎം രാമന്‍ എന്ന രാമന്‍ രജിസ്‌ട്രാര്‍ . ഒരു കാലഘട്ടത്തില്‍ ശിവഗിരി മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ജ്യേഷ്ട സഹോദരനും എംഎല്‍എയുമായിരുന്ന ആര്‍ പ്രകാശൻ. ഇരുവരുടെയും പാത പിന്തുടര്‍ന്നാണ് ആര്‍ ഹേലിയും ശിവഗിരി മഠത്തിന്റെപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുന്നത്. ഏറെക്കാലം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സംഘാടക സമിതിയിലും അദ്ദേഹം നിസ്‌തുലമായി പ്രവര്‍ത്തിച്ചിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ കനക ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളം കണ്ട ഏറ്റവും വലിയ അഖിലേന്ത്യ പ്രദര്‍ശനത്തിന്റ മുഖ്യ സംഘാടകരിലൊരാളുമായിരുന്നു ആര്‍.ഹേലി.

