ന്യൂഡൽഹി: ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്-അഞ്ച്) യില്‍ ആണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പതിറ്റാണ്ടുകളുടെ ശ്രമഫലമായി ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രാജ്യത്തെ ശിശു മരണനിരക്കും അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലെ മരണനിരക്കും കുറഞ്ഞുവെന്നും സര്‍വേ പറയുന്നു.
2015–16 വര്‍ഷത്തെ (എന്‍എഫ്എച്ച്എസ്-നാല്) സര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നവജാത ശിശുമരണ നിരക്ക് കുറഞ്ഞു. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ശിശുമരണനിരക്ക് (ഐഎംആര്‍), അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക് (യുഎംആര്‍) കുറഞ്ഞുവെന്നും പുതിയ സര്‍വേയില്‍ പറയുന്നു.
ഇന്ത്യയിലെ ജനസംഖ്യ, ആരോഗ്യം, പോഷകാഹാരം എന്നിവ കേന്ദ്രീകരിച്ചാണ് സര്‍വേ സംഘടിപ്പിച്ചത്. 6.1 ലക്ഷം കുടുംബങ്ങളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലോകത്ത് കുട്ടികളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ മുരടിപ്പ് കാണുന്നത് ഇന്ത്യയിലാണ്. എന്നാല്‍ വളര്‍ച്ചാ മുരടിപ്പ് കുറയ്ക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതായാണ് 2005-06, 2015–16 വര്‍ഷങ്ങളിലെ എന്‍എഫ്എച്ച്എസിന്റെ സര്‍വേയില്‍ പറയുന്നത്. ഈ രണ്ട് ഘട്ടങ്ങളിലായി വളര്‍ച്ചാ മുരടിപ്പില്‍ 10 ശതമാനം കുറവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഈ നേട്ടങ്ങള്‍ നഷ്ടമായെന്നും പുതിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
പത്ത് വര്‍ഷമായി വളര്‍ച്ചാ മുരടിപ്പില്‍ കുറവ് കൈവരിച്ചിരുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, ഗോവ, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചായെന്നും സര്‍വേയില്‍ പറയുന്നു. വിവരശേഖരണത്തിനായി ഉപയോഗിച്ച 18 സംസ്ഥാനങ്ങളില്‍ 11 എണ്ണവും വളര്‍ച്ചാ മുരടിപ്പിൽ വര്‍ധന രേഖപ്പെടുത്തി. ഇവിടങ്ങളില്‍ പ്രായത്തിനാവശ്യമായ ഉയരവും പോഷകാഹാരവും കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. തെലങ്കാന (5.1 ശതമാനം), ഹിമാചല്‍ പ്രദേശ് (4.5 ), കേരളം (3.7 ), പശ്ചിമ ബംഗാള്‍ (1.3 ), മഹാരാഷ്ട്ര (0.8 ), ഗുജറാത്ത് (0.5 ) എന്നിങ്ങനെയാണ് വളര്‍ച്ചാ മുരടിപ്പ് രേഖപ്പെടുത്തിയിരി ക്കുന്നത്. 14 സംസ്ഥാനങ്ങളില്‍ ഉയരത്തിനനുസരിച്ചുള്ള തൂക്കം ഇല്ലാത്ത കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ജമ്മു കശ്മീര്‍ (6.8 ശതമാനം), അസം (4.7), ഹിമാചല്‍ പ്രദേശ് (3.7), തെലങ്കാന (3.6), ബിഹാര്‍ (2.1), കേരളം (0.1) എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ കണക്ക്. ജമ്മു കശ്മീര്‍ (18.9 ശതമാനം), ഗുജറാത്ത് (17.1), മഹാരാഷ്ട്ര (15.1), പശ്ചിമ ബംഗാള്‍ (14.8) തെലങ്കാന (9.3), ബിഹാര്‍ (5.9),ആന്ധ്രപ്രദേശ് (4.6), കര്‍ണാടക (4.6), കേരളം(3.7), ഹിമാചല്‍ പ്രദേശ് (1.07) എന്നിങ്ങനെയാണ് അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ വിളര്‍ച്ച കണ്ടെത്തിയത്.
അസമില്‍ അഞ്ച് വയസിന് താഴെയുള്ള 68 ശതമാനം കുട്ടികളിലും വിളര്‍ച്ച കണ്ടെത്തി. ഗുജറാത്തിലാണ് വിളര്‍ച്ച അനുഭവപ്പെടുന്ന കൂടുതല്‍ കുട്ടികള്‍ ഉള്ളത്. 80 ശതമാനം. കഴിഞ്ഞ ഘട്ടത്തിലെ സര്‍വേയില്‍ ഇത് 63 ശതമാനമായിരുന്നു.

