തിരുവനന്തപുരം : മുഖ്യമന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സി എം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സതേടിയത്. കഠിനമായ തലവേദനയെ തുടർന്ന് എംആർഐ സ്കാനിങ് ചെയ്തിരുന്നു. കഴുത്തിനും ഡിസ്കിനും പ്രശ്നമുണ്ടെങ്കിലും ശസ്ത്രക്രിയ വേണ്ട ഗുരുതര പ്രശ്നങ്ങളൊന്നുമില്ല എന്ന് 10 -12 – 2020 ന് മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. തുടർന്ന് ചേർന്ന മെഡിക്കൽ യോഗമാണ് സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് ജവഹർ നഗറിലെ വീട്ടിലേക്ക് പോയി.
ചോദ്യം ചെയ്യലിനായി സി എം രവീന്ദ്രനോട് വെള്ളിയാഴ്ച ഹാജരാക്കുവാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. നടു വേദന, തലവേദന എന്നീ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മൂന്നാംതവണയും ഹാജരാകാതിരുന്നത്. രണ്ടാഴ്ച സാവകാശം ചോദിച്ചുകൊണ്ടാണ് വെള്ളിയാഴ്ച സി എം രവീന്ദ്രൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കത്തയച്ചത്.