ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ ആരംഭിക്കുന്ന പുതിയ അധ്യായന വര്‍ഷത്തില്‍ സ്കൂളുകള്‍ തുറക്കുമ്പോ ള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗിന്റെ ഭാരം കുറയും. ബാഗുകള്‍ ഇല്ലാത്ത സ്കൂള്‍ ദിവസങ്ങളും അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം. രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാസത്തില്‍ കുറഞ്ഞത് 10 ദിവസങ്ങള്‍ എങ്കിലും ബാഗ് ഇല്ലാതെ വരാന്‍ പറ്റുന്ന ക്രമീകരണം നടത്തണമെന്നാണ് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്ന് മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ത്ഥികളെ പരിഗണിച്ചാണ് പുതിയ നടപടി. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രം കത്ത് അയച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി
അധ്യയന ദിവസങ്ങളിൽ ആറ് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കണമെന്നും നിർദ്ദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലുള്ളവര്‍ക്ക് ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടാൻ പാടില്ല. എല്ലാ സ്കൂളുകളിലും ബാഗിന്റെ ഭാരം പരിശോധിക്കാനായി ഡിജിറ്റല്‍ ത്രാസുകള്‍ ഉണ്ടായിരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ക്ലാസ്‍ വര്‍ക്കിനുള്ള എല്ലാ പുസ്തകങ്ങളും മൂന്ന് മുതല്‍ അഞ്ച് വരെയുളള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രണ്ട് പുസ്തകങ്ങളും സ്കൂളില്‍ സൂക്ഷിക്കണമെന്നാണ് വ്യക്തമാക്കുന്നത്.
മുകേഷ് ജെയിൻ എന്ന മട്ടാഞ്ചേരിയിലെ ഗുജറാത്തി വംശജനായ വ്യക്തി 2002 ൽ വിദ്യാര്‍ത്ഥികള്‍ അമിതഭാരം ചുമക്കുന്നതിനെതിരേ ബദല്‍ നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് സുപ്രീം കോടതി ഇടപെടൽ ഉണ്ടായത്.
രാജ്യം മുഴുവന്‍ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സുപ്രീംകോടതിയെയും കേന്ദ്ര മാനവശേഷി വകുപ്പിനെയും മുകേഷ് സമീപിച്ചിരുന്നു.

