കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ മുകുള്‍ റോയിയുടെ പേരും. 2019 ഫെബ്രുവരി 19 നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ആറ് പേജുള്ള അനുബന്ധ കുറ്റപത്രത്തില്‍ ഗൂഢാലോചനകുറ്റമാണ് മുകുള്‍ റോയിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 302, 120ബി, എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ബി.ജെ.പി ആസൂത്രിതമായി ബിശ്വാസിനെ കൊലപ്പെടുത്തിയതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ മാസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപിയുടെ എംപി ജഗനാഥ് സര്‍ക്കാരിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. അതേസമയം ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് മുകുള്‍ റോയ് പ്രതികരിച്ചു. മമത ബാനര്‍ജിയുടെ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബി.ജെ.പി നേതാക്കളോട് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് വിഷയത്തില്‍ ബി.ജെ.പി ഉന്നയിക്കുന്ന പ്രധാന ആരോപണം.